സി ഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കിയത് സർക്കാർ…നോട്ടീസ് പുറത്ത്…


തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവീസിൽ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നത്.

പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ കണക്കിലെടുത്ത് സേനയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത് എന്നാണ് ദൃശ്യങ്ങൾ സഹിതം ഷാഫി ആരോപിച്ചത്.

ക്രിമിനൽ ബന്ധങ്ങളും ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയിൽ സർവീസിൽ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ച അഭിലാഷ് സേനയിൽ തിരിച്ചെത്തിയത് രാഷ്ട്രീയ സംരക്ഷണയിലാണെന്നും തിരുവനന്തപുരത്തെ സിപിഎം ഓഫീസുകളിലെ നിത്യസന്ദർശകനാണ് ഇയാൾ എന്നും ഷാഫി ആരോപിച്ചു. എന്നാല്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു എന്ന് വിശദീകരിച്ച അഭിലാഷ് ഡേവിഡ് താന്‍ ഷാഫിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ തന്‍റെ സിപിഎം പശ്ചാത്തലം അഭിലാഷ് നിഷേധിച്ചില്ല.

أحدث أقدم