എനിക്ക് വയ്യ ആശുപത്രിയിൽ കൊണ്ടുപോകണം’..അലർച്ച കേട്ടെത്തിയ ആളുകൾ കണ്ടത്…


കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ പരേതനായ രഘുനാഥൻ പിള്ളയുടെ മകൻ ഗോകുൽനാഥ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗോകുൽ നാഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. മരിച്ച ഗോകുൽനാഥും അരുണും കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളെന്നാണ് പോലീസ് സംശയിക്കുന്നത്. ലഹരി ഇടപാടുകയി ബന്ധപ്പെട്ട തർക്കങ്ങളാവാം യുവാവിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

തിങ്കളാഴ്ച രാത്രി ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രദേശവാസിയായ ജോസിന്റെ വീടിന്റെ മുൻപിൽ വെച്ചായിരുന്നു ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഒച്ചയും ബഹളവും കേട്ടെത്തിയ ആളുകൾ കണ്ടത് റോഡിൽ അവശനിലയിൽ കിടക്കുന്ന ഗോകുലിനെ ആയിരുന്നു. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം’ എന്ന് ഗോകുൽ ആവശ്യപ്പെട്ടതായി അവിടെയുണ്ടായിരുന്ന ആളുകൾ പറഞ്ഞു. തുടർന്ന് ഓടിക്കൂടിയ ആളുകൾ ചേർന്ന് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അരുണും, ഗോകുലിനെ ആശുപത്രിയിൽ എത്തിക്കുന്നവർക്കൊപ്പം വന്നിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post