
റോഡ് ഉദ്ഘാടനത്തിനു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട് നഗരസഭ ചെയർപേഴ്സണും. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു. എന്നാൽ എംഎൽഎയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും. അതേസമയം, സമകാലിക വിഷയങ്ങളിൽ പ്രതികരണം നടത്തി സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയേയും രാഹുൽ വിമർശിച്ചിരുന്നു.