മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലിനു മുറിവുമായി എത്തിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി.



ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലിനു മുറിവുമായി എത്തിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി.കുത്തിയതോട് മുഖപ്പില്‍ സീനത്തിന്റെ (58) വലതുകാലിന്റെ തള്ളവിരലിനോടു ചേർന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചു മാറ്റിയത്. വലതുകാലിന്റെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടർന്ന് കഴിഞ്ഞമാസം 27-നാണ് സീനത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രി ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
29-ന് ഇവരെ ശസ്ത്രക്രിയയ്‌ക്കു വിധേയയാക്കി. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് പരാതി.സീനത്തിന്റെ മകൻ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നംഗ വിദഗ്ധസംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. കാലിനു വേദന കുറയാതെ വന്നതോടെ 30-ന് പ്രധാന ഡോക്ടർമാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്.
തുടർന്നാണ് സിയാദ് ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. ഗുരുതര പ്രമേഹബാധിതയായ ഇവരുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടതു തന്നെയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ.ബി. പദ്മകുമാർ വിശദീകരിച്ചു. മുറിച്ചുമാറ്റുന്നതിനുമുൻപ്‌ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി ആവശ്യമുണ്ട്. ഇതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
أحدث أقدم