
ആലപ്പുഴ ജില്ലയിലെ ചാരുംമൂടിനടുത്ത് താമരക്കുളം വേടരപ്ലാവ് എന്ന സ്ഥലത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ നിന്ന് സ്വർണ്ണ പാദസരം മോഷ്ടിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. വേടരപ്ലാവ് അമ്പാടിയിൽ പ്രിൻസിയുടെ വീട്ടിലാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കിടപ്പുമുറിയുടെ ജനാലയുടെ കൊളുത്ത് പൊളിച്ച് മാറ്റിയ ശേഷം കമ്പിയഴികൾക്കിടയിലൂടെ അതിവിദഗ്ധമായി കൈ കടത്തിയാണ് മോഷ്ടാക്കൾ പ്രിൻസിയുടെ കാലിൽ കിടന്ന ഏകദേശം ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം പൊട്ടിച്ചെടുത്തത്. പാദസരം വലിച്ചു പൊട്ടിക്കുന്നതിനിടെ യുവതി ഞെട്ടിയുണർന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ വേഗത്തിൽ കണ്ടെത്താനായി പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.