
ട്രെയിനുകളിൽ നിന്നും മൊബൈൽ ഫോൺ പുറത്തേക്ക് വീണാൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയിൽവേ സംരക്ഷണ സേന. മൊബൈൽ വീണുപോയെന്ന പേരിൽ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ആർപിഎഫ് വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾക്ക് 1000 രൂപ പിഴയും ഒരു വർഷം വരെ തടവും, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ആർപിഎഫിന്റെ മുന്നറിയിപ്പ്.
യാത്രക്കാർ അശ്രദ്ധമായി മൊബൈൽ ഫോൺ കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. അടുത്തിടെ ഇത്തരത്തിൽ ട്രെയിനുകളുടെ യാത്ര തടസപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പുതിയ നിർദ്ദേശം എന്നാണ് റിപ്പോർട്ട്.
യാത്രയിക്കിടെ മൊബൈൽ ഫോൺ പുറത്തേയ്ക്ക് വീഴുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലം ശ്രദ്ധിക്കുകയും വിവരം റെയിൽവേ അധികാരികളെ അറിയിക്കുകയുമാണ് വേണ്ടത്. റെയിൽവേ അധികൃതർ, റെയിൽവേ പൊലീസ്, റെയിൽവേ സംരക്ഷണ സേന എന്നിവയിൽ വിവരം കൈമാറാം. ഹെൽപ്പ് ലൈൻ നമ്പറായ 139 , 182 എന്നിവ മുഖേനെയും വിവരം അറിയിക്കാം. പരാതിയോടൊപ്പം ട്രെയിൻ നമ്പർ, സീറ്റ് നമ്പർ, തിരിച്ചറിയൽ രേഖ എന്നിവ നൽകുകയും വേണം.
പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സംരക്ഷണ സേന പരിശോധന നടത്തി നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി നൽകുമെന്നും ആർപിഎഫ് അറിയിച്ചു. എന്നാൽ, ട്രെയിൻ യാത്രയ്ക്കിടെ മോഷണ ശ്രമം ഉണ്ടായാൽ അപായച്ചങ്ങല വലിക്കുന്നതിൽ തെറ്റില്ലെന്ന് ആർപിഎഫ് പറയുന്നു. മൊബൈൽ ഫോൺ, ആഭരണങ്ങൾ, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കിൽ അപയച്ചങ്ങല ഉപയോഗിക്കാമെന്നാണം നിർദ്ദേശം.