പിഎം ശ്രീ പദ്ധതി; പാർട്ടി നിലപാടിന് അംഗീകാരമില്ല, നിലപാട് കടുപ്പിക്കാൻ സിപിഐ




പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കങ്ങള്‍ക്കിടെ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗം ഇന്ന് ചേരും. പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടാത്ത സാഹചര്യം കൗൺസിലിൽ ചർച്ചയാകും. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനം

ഇന്നലെ മന്ത്രിസഭാ യോഗത്തിൽ എതിര്‍പ്പ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സിപിഐയുടെ ആശങ്കയോട് ഒന്നും പ്രതികരിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. ഈ സാഹചര്യം ഉള്‍പ്പെടെ ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിലിൽ ചർച്ചയാകും. സിപിഐയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നാണ് സിപിഎം സമീപനം. പക്ഷെ മുന്നണിയുടെ കെട്ടുറപ്പിനെ തകർത്ത് എംഒയു വിദ്യാഭ്യാസവകുപ്പ് ഒപ്പുവെക്കുമോ എന്നതിലും വ്യക്തതയില്ല. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് സ്വാധീനമുള്ള കൊല്ലത്തും തിരുവനന്തപുരത്തും ഉള്‍പ്പെടെ സംഘടനാ പ്രശ്നങ്ങൾ മൂലം നിരവധി പേർ പാർട്ടി വിടുകയാണ്. ഇതടക്കമുള്ള സംഘടനാ കാര്യങ്ങളും കൗണ്‍സിൽ ചര്‍ച്ച ചെയ്യും.
Previous Post Next Post