
ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഈ ചെറുപ്പക്കാരനെ ആര്‍എസ്എസ് കൊന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.ബാലഗോകുലത്തിലൂടെ ആര്‍എസ്എസ് ശാഖയില്‍ എത്തുന്ന കുട്ടികള്‍ക്ക് ഉണ്ടാവുന്ന തിക്താനുഭവങ്ങള്‍ ഇതിന് മുന്നെയും പലവിധ വെളിപ്പെടുത്തലുകളിലൂടെ ലോകം അറിഞ്ഞതാണെന്ന് വി കെ സനോജ് പറഞ്ഞു.
സ്‌നേഹവും അനുകമ്പയും സഹജീവിയോട് തോന്നേണ്ട പ്രായത്തില്‍ അപര വിദ്വേഷവും വെറുപ്പും കുത്തി വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് മനുഷ്യനല്ലതാക്കുന്ന ഇടമാണ് ശാഖകള്‍. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക. ആര്‍എസ്എസിനെ അകറ്റിനിര്‍ത്തുക. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കാന്‍ രംഗത്തിറങ്ങുക. ഇതില്‍ പ്രതിഷേധിക്കണമെന്നും വി കെ സനോജ് പറഞ്ഞു.
ഇന്ന് വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു.