വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗൺസിലർ അറസ്റ്റിൽ




കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ നാലാം വാർഡിലെ സിപിഐഎം കൗൺസിലർ പി പി രാജേഷാണ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് കണിയാർകുന്നിലെ ജാനകിയെന്ന വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാല പ്രതി പൊട്ടിച്ചത്. വയോധിക വീടിന്റെ മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രാജേഷ് മാല പൊട്ടിച്ചോടുകയായിരുന്നു.

ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ പ്രതിയെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. പരാതിക്ക് പിന്നാലെ കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗൺസിലർക്ക് വാഹനം നൽകിയിരുന്നുവെന്ന് വാഹനഉടമ പൊലീസിനോട് പറഞ്ഞു. ഇതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം

Previous Post Next Post