അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിച്ചത്.
മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.
അതേ സമയം, ജനപ്രിയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.