ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

 

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിലായിരുന്നു സംഭവം. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ തോട്ടത്തിൽ പോകുന്നതിനിടയിലാണ് ആന ആക്രമിച്ചത്. തുടർന്ന് തോട്ടത്തിൽ പണിക്കാർ എത്തിയപ്പോഴാണ് കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിൽ ജോസഫിനെ കണ്ടെത്തിയത്.

തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആനക്കൂട്ടത്തിൽ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാൽ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരന്തരം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് ചിന്നക്കനാൽ. ആളുകൾ ഇതിനെതിരേ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നും കാട്ടാന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

അതേസമയം കോഴിക്കോട് ചെക്യാട്, വളയം പഞ്ചായത്തുകളിൽ പെടുന്ന കണ്ടിവാതുക്കൽ, അഭയഗിരി മേഖലയിൽ പട്ടാപ്പകലിലും കാട്ടാനക്കൂട്ടം ഇറങ്ങുന്നതായി പരാതി. വനത്തിലേക്ക് തിരിച്ചയയ്ക്കാനുള്ള വനപാലക സംഘത്തിന്റെ ശ്രമം വിജയിച്ചില്ല. ഇന്നലെ രാവിലെ മുതൽ കുറ്റ്യാടിയിൽ നിന്നും വിലങ്ങാടു നിന്നുമുള്ള വനപാലക സംഘാംഗങ്ങളും കണ്ണൂർ ജില്ലയിലെ കണ്ണവം മേഖലയിൽ നിന്നുള്ള വനപാലക സംഘവും നാട്ടുകാരും കാട്ടാനകളുടെ പിറകെ കൂടിയെങ്കിലും 14 ആനകളും 2 ആനക്കുട്ടികളും ഈ സംഘത്തിനു നേരെ പാഞ്ഞടുക്കുകയാണ് ചെയ്യുന്നത്. നാട് ആശങ്കയിലാണ്.

Previous Post Next Post