ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണം, പണം, സുപ്രധാന രേഖകൾ പിടിച്ചെടുത്തു




ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കു പിന്നാലെയാണ് ഇവ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസ്തുവകകളും രേഖകളും സംഘം പരിശോധിച്ചു. അതേസമയം പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം പറയുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണക‍ൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം അർധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനു കൂട്ടുനിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകും.
Previous Post Next Post