വിദേശത്തുള്ള ഭർത്താവിനെ കൊണ്ടുവരാനിറങ്ങവേ മുന്നിൽ മൂർഖൻ; ഓടിയെത്തി ഉടമയെ രക്ഷിച്ച് വളർത്തു നായ !

 

ആലപ്പുഴ: മൂർഖനിൽ നിന്ന് സാഹസികമായി ഉടമയുടെ ജീവൻ രക്ഷിച്ച് വളർത്തുനായ. റോക്കി എന്ന നായയാണ് ഉടമയെ മൂർഖനിൽ നിന്ന് രക്ഷിച്ചത്. എന്നാൽ, മൂർഖനെ നേരിടുന്നതിനിടയ്ക്ക് പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന്, നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നായ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30-ഓടെയായിരുന്നു സംഭവം. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന ഭർത്താവ് സുഭാഷിനെ കൂട്ടികൊണ്ടുവരാനായി പച്ച തോട്ടുകടവിലെ വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു തുഷാര. ആ സമയം, മൂർഖന്റെ സാന്നിധ്യം അറിഞ്ഞ വളർത്തുനായ പാമ്പിന് നേരെ കുതിച്ചു. മൂർഖനുമായുള്ള ഏറ്റുമുട്ടലിൽ, പാമ്പിനെ കടിച്ചു കുടഞ്ഞ് കൊന്നു. എന്നാൽ, കടിച്ചു കുടയുന്നതിനിടയിൽ നായയ്ക്ക് മൂർഖന്റെ കടിയേൽക്കുകയായിരുന്നു. കടിയേറ്റ നായയെ ആലപ്പുഴയിലെ മൃഗാശുപത്രിയിലും ഹരിപ്പാട്ടെ ആശുപത്രിയിലും എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ശേഷം വിദഗ്ധചികിത്സയിക്കായി തിരുവല്ലയിലെ ഒരു സ്വകാര്യ മൃഗാശുപത്രിയിലേക്കും മാറ്റി. യഥാസമയം ചികിത്സ ലഭ്യമാക്കിയതിനാൽ നായ അപകടനില തരണം ചെയ്തു.

أحدث أقدم