
ആലപ്പുഴ: ചേർത്തലയിൽ ഏറെ വിവാദമായ ഐഷ തിരോധാനക്കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ഐഷയെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചേർത്തല പൊലീസ് നടപടിയെടുത്തത്. ഇതോടെ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മ, ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭൻ എന്നിവരുടെ കൊലപാതകക്കേസുകൾക്ക് പുറമെ മൂന്നാമത്തെ കൊലക്കേസിലും സെബാസ്റ്റ്യൻ പ്രതിയായി.
ഐഷ കേസിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പിനായി ചോദ്യം ചെയ്യും. ഐഷ കേസിൽ കൊലക്കുറ്റം ചുമത്തിയ വിവരം ചേർത്തല പൊലീസ് കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മറ്റു രണ്ട് കേസുകളിൽ സെബാസ്റ്റ്യൻ റിമാൻഡിലാണ്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മുൻപ് രജിസ്റ്റർ ചെയ്ത മറ്റ് തിരോധാന കേസുകൾ പൊലീസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് ചില അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുകയും, ഇത് കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുകയും ചെയ്തു
2017-ലാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയത്. ബിന്ദുവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ സെബാസ്റ്റ്യൻ നേരത്തെ പ്രതിയായിരുന്നു. ഈ സാമ്പത്തിക തട്ടിപ്പ് കേസിനു പിന്നാലെ ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കേസും സെബാസ്റ്റ്യനെതിരെ നിലനിൽക്കുന്നു.
നിലവിൽ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മ, ബിന്ദു പത്മനാഭൻ, ഐഷ എന്നീ മൂന്ന് സ്ത്രീകളുടെ തിരോധാനവും കൊലപാതകങ്ങളുമായാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.