അമ്മയുടെ മാല പൊട്ടിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പതിനാലുകാരി; ദിവ്യ സുനിൽ താരമായത് ഇങ്ങനെ…




ന്യൂഡൽഹി : അമ്മയുടെ കഴുത്തിൽകിടന്ന മാല പൊട്ടിച്ച് ഓടിയ മോഷ്ടാവിനെ ഒടിച്ചിട്ട് പിടിച്ച് പതിനാലുകാരി. ഡൽഹിയിലെ വികാസ്പുരിയിലെ കേരള സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ദിവ്യ സുനിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ആലപ്പുഴയിലെ മുട്ടാർ സ്വദേശി സതി സുനിലിന്റെ മകളാണ് ദിവ്യ സുനിൽ. രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് സതി സുനിൽ.

സംഭവം ഇങ്ങനെ:

നവാദ മെട്രോ സ്റ്റേഷനു സമീപമുള്ള സ്റ്റഡി സെന്ററിൽനിന്ന് പതിവ് ട്യൂഷൻ കഴിഞ്ഞിറങ്ങിയ മകളെയും കൂട്ടി സതി വീട്ടിലേക്ക് പോകവെയാണ് അക്രമി മാല പൊട്ടിച്ചത്. ഇ–റിക്ഷയിൽ നിന്നിറങ്ങി ഓംവിഹാർ ഫേസ് 5യിലെ വീട്ടിലേക്കു നടക്കുന്നതിനിടെ പെട്ടെന്ന് ഒരാൾ സതിയെ തള്ളിത്താഴെയിട്ട് കഴുത്തിലെ മാല പൊട്ടിച്ച് ഓടി. ഒരു നിമിഷം പോലും വൈകാതെ ദിവ്യ അയാളെ പിന്തുടർന്നു. തിരക്കേറിയ ഗലികളിലൂടെ വാഹനങ്ങൾക്കിടയിലൂടെ പകുതികിലോമീറ്ററോളം ഓടി മോഷ്ടാവിനെ പിടികൂടി.

“മകളെ മോഷ്ടാവ് ആക്രമിക്കുമോ എന്ന ഭയമാണ് ആ സമയത്ത് മനസിലുണ്ടായത്,” എന്ന് ദിവ്യയുടെ അമ്മയും രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ സതി സുനിൽ പറയുന്നു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് അവർ സ്ഥലത്തെത്തിയെങ്കിലും, തുടർനടപടികൾക്ക് താൽപര്യമില്ലെന്ന് കുടുംബം അറിയിച്ചു. മാല തിരികെ ലഭിച്ചെങ്കിലും ലോക്കറ്റ് നഷ്ടപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷമായി ദിവ്യ നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കൾചറൽ സെന്ററിൽ ഷീലു ജോസഫിന്റെ കീഴിൽ കരാട്ടെ അഭ്യസിക്കുന്നു. “കരാട്ടെ പഠനം തന്നെയാണ് എനിക്ക് ആത്മവിശ്വാസം നൽകിയതും, ഓടാനുള്ള കരുത്ത് തന്നതും,” എന്ന് ദിവ്യ പറയുന്നു. സംഗീതവും ഭരതനാട്യവുമാണ് ഈ പതിനാലുകാരിയുടെ മറ്റ് ഇഷ്ട മേഖലകൾ.

ദിവ്യയുടെ സഹോദരി ദേവിക സുനിൽ വൃന്ദാവൻ രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിയാണ്. കുടുംബം ആലപ്പുഴയിലെ മുട്ടാർ സ്വദേശികളാണ്. 30 വർഷത്തെ ഡൽഹി ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു മോഷണശ്രമം നേരിടേണ്ടി വന്നതെന്ന് സതി പറയുന്നു.
Previous Post Next Post