തിരിച്ചെത്തിയത് പകുതിയോളം കാലിക്കുപ്പികൾ, ബെവ്‌കോയ്ക്ക് ഒന്നരക്കോടിയിലേറെ രൂപയുടെ അധിക വരുമാനം


പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികവില ഈടാക്കിയതിന് പിന്നാലെ ബെവ്‌കോയ്ക്ക് വരുമാന നേട്ടം. വിലയിൽ മാറ്റം വരുത്തി ഒറ്റമാസത്തിനുള്ളിൽ രണ്ടു ജില്ലകളിൽനിന്നു മാത്രം ബെവ്‌കോയ്ക്ക് കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപ. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കിയപ്പോഴാണ് ഇത്രത്തോളം രൂപ ബെവ്‌കോയ്ക്കു കിട്ടിയത്.

രണ്ടു ജില്ലകളിലെയും 20 ബെവ്‌കോ ഔട്ട്ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകളാണ് 20 ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്. ഇതിൽ 7,66,604 ബോട്ടിലുകൾ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 7,58,980 കുപ്പികൾക്ക് അധികം ഈടാക്കിയ 20 രൂപ ബെവ്‌കോയ്ക്കു സ്വന്തം. കുറച്ചു കുപ്പികൾ കൂടി തിരിച്ചെത്തിയേക്കാമെന്നാണ് അധികൃതർ പറയുന്നത്.

പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പേരിൽ രണ്ടു ജില്ലകളിൽ മാത്രം ഒറ്റ മാസം കൊണ്ട് ഒന്നരക്കോടിയിലേറെ രൂപ അധികം ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമ്പോൾ ബെവ്‌കോയ്ക്ക് ഇത് വൻനേട്ടമാകും. ബാലരാമപുരം മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്. 91794 കുപ്പികൾ വിറ്റതിൽ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂർ പണപ്പുഴയിൽ 67,896 കുപ്പികൾ വിറ്റതിൽ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.

أحدث أقدم