
കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനദിവസമായ ഇന്നത്തെ പദയാത്രയുടെ ദൂരം വെട്ടിക്കുറച്ചു. എട്ട് കിലോ മീറ്റർ നടക്കാനുള്ള തീരുമാനം മൂന്ന് കിലോ മീറ്ററിലേക്ക് ചുരുക്കുകയായിരുന്നു. കാരക്കാട് നിന്നും ആരംഭിക്കാനിരുന്ന യാത്ര കുളനടയിൽ നിന്ന് ആരംഭിക്കും. കാലാവസ്ഥാപ്രശ്‌നങ്ങൾ മൂലമാണ് പദയാത്ര ചുരുക്കിയതെന്നാണ് വിശദീകരണം. എന്നാൽ ജാഥ ക്യാപ്റ്റനായ കെ മുരളീധരൻ സമാപന സമ്മേളനത്തിൽ നിന്നും പിന്മാറുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ജാഥ വെട്ടിക്കുറച്ചത്.
കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വ്യക്തിപരമായ കാരണത്താൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ മുരളീധരൻ അറിയിച്ചത്. എന്നാൽ പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
കെപിസിസി പുനഃസംഘടനയിൽ കെ മുരളീധരൻ ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ എം ഹാരിസിന്റെ പേര് നിർദ്ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട്.
ഇന്നലെയാണ് നാല് ക്യാപ്റ്റന്മാർ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരിൽ സംഗമിച്ചത്. കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹ്നാൻ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ. യാത്രയ്ക്ക് ശേഷം കെ മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു. അവിടെ നിന്നും ഇന്ന് തൃശൂരിലേക്കും തുടർന്ന് തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.