
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോൺഗ്രസിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കിൽ പറ അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ ചോദ്യം ആവർത്തിച്ച് ചോദിച്ചപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം അർഹിക്കുന്നില്ലെന്ന് മറുപടി നൽകി. കെപിസിസി പുനഃസംഘടനയിൽ കെ മുരളീധരന് പ്രതിഷേധമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തുടർന്ന് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നു. ഇതിലാണ് മാധ്യമ പ്രവർത്തകർ സതീശൻറെ പ്രതികരണം തേടിയത്.
കെപിസിസി ഇടപെട്ട് അനുനയ ശ്രമം നടത്തിയതിനെത്തുടർന്ന് ചെങ്ങന്നൂരിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കാൻ മുരളീധരൻ തീരുമാനിച്ചു. ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്കാണ് യുഡിഎഫിന്റെ ശബരിമല വിശ്വാസ സംരക്ഷണ ജാഥ.