‘കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും ഞങ്ങൾക്കറിയാം, വേണമെങ്കിൽ പഠിച്ചാൽ മതി’.. വിദ്യാർത്ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി…



വേണമെങ്കിൽ വിദ്യാർത്ഥികൾ പഠിച്ചാൽ മതിയെന്നും, കൊണ്ടുവന്ന കോളേജ്പൂട്ടിക്കാനും പാർട്ടിക്ക് അറിയാമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളോടും രക്ഷിതാക്കളോടുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ മുന്നറിയിപ്പ്. പിടിഎ പറയുന്നതു കേട്ട് വിദ്യാർത്ഥികൾ തുള്ളാൻ നിന്നാൽ നിങ്ങളുടെ രണ്ടു വർഷം പോയിക്കിട്ടുമെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം ചെയ്ത പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ കഴിഞ്ഞ 16ന് സമരം നടത്തിയത്. 18 ന് കലക്ടറുടെ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാൽ ചെറുതോണിയിലുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കോളേജ് പ്രിൻസിപ്പൽ, 2 അധ്യാപകർ, പിടിഎ പ്രസിഡന്റ്, 5 വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

‘‘നിങ്ങൾ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല. ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളജ് കൊണ്ടുവന്നതെങ്കിൽ അത് ഇല്ലാതാക്കാനും ഞങ്ങൾക്കറിയാം. ഞങ്ങൾ ഒരുക്കിത്തരുന്ന താമസസൗകര്യത്തിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഴ്സിങ് കോളജ് പാർട്ടിക്കാർ വേണ്ടെന്നുവയ്ക്കും.’’ പൈനാവിലുള്ള ഹോസ്റ്റൽ തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികളോട് സി വി വർഗീസ് പറഞ്ഞു.എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ല. നഷ്ടം വിദ്യാർത്ഥികൾക്കു മാത്രമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. യോഗത്തിൽ വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘‘എന്നെപ്പറ്റി ശരിക്കും അറിയാമോ?’’ എന്ന ഭീഷണി ജില്ലാ സെക്രട്ടറി സി വി വർഗീസ് മുഴക്കിയെന്നും ആരോപണമുണ്ട്.
Previous Post Next Post