അങ്ങനെയെങ്കില്‍ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പികമായ അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
'അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഒരുദ്ദേശമില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ല''. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളജിലേക്ക് ഭൂമി വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഈ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തി.
ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ തുടങ്ങിയവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് കോടതി വിമര്‍ശിച്ചു. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ്. 2019ല്‍ മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവ് നിയമപരമായി തെറ്റാണെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച നടപടി നിലനില്‍ക്കില്ലെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.