
സ്കൂൾ അച്ചടക്കത്തിന്‍റെയും കുട്ടികളെ തിരുത്തലിന്‍റെയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ് തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട്. കുട്ടികളെ സ്കൂളിൽ ചേർത്ത് അധ്യാപകരുടെ ശിക്ഷണത്തിലേക്ക് വിടുമ്പോൾ ഈ അധികാരങ്ങളും അവർക്ക് രക്ഷിതാക്കൾ കൈമാറുന്നുണ്ട്. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയതിനെത്തുടർന്ന് അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ഈ നിരീക്ഷണം.
പ്രതീപ് കുമാറിന്‍റെ ഈ നിരീക്ഷണം. മൂന്ന് വിദ്യാർഥികൾ തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച് തല്ലിയും വഴക്കിടുന്നത് ശ്രദ്ധയിൽപെട്ട അധ്യാപകൻ അവരുടെ കാലിൽ ചൂരൽപ്രയോഗം നടത്തിയതിനെത്തുടർന്ന് രക്ഷിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസ് പാലക്കാട് അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകൻ അടിച്ചാൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകന്‍റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടിയെയും കോടതി വിമർശിച്ചു.