കണ്ണൂർ : ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എട്ട് പേർക്ക് നിസ്സാര പരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി-സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇരിട്ടി ടൗണിലെ പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവെയാണ് വണ്ടി നിയന്ത്രണം വിട്ടത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ചേർത്തലയിൽ ഒരു സ്വിഫ്റ്റ് ബസ് അണ്ടർപാസിൽ ഇടിച്ചുകയറി അപകടം ഉണ്ടായിരുന്നു. ഈ വർഷം ജൂലൈയിൽ കാടാച്ചിറയിൽ രണ്ട് കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.