പിഎം ശ്രീ…കടുത്ത തീരുമാനവുമായി സിപിഐ…മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും….

        

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്.മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സിപിഐയുടെ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ സിപിഎമ്മിനും സര്‍ക്കാരിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.
أحدث أقدم