സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.
നിലവിളക്കിലെ നാളത്തിന്റെ എണ്ണത്തിൽ ആചാര്യന്മാർ ഒരു ചൊല്ല് പറയാറുണ്ട് .
ഏകവര്ത്തിര്മഹാവ്യാധിര്-
ദ്വിവര്ത്തിസ്തു മഹദ്ധനം;
ത്രിവര്ത്തിര്മോഹമാലസ്യം,
ചതുര്വര്ത്തിര്ദരിദ്രതാ;
പഞ്ചവര്ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്ത്തിസ്തു സുശോഭനം
വർത്തി എന്നാൽ ദീപം, നാളം എന്നൊക്കെയാണ് അർഥം.
ഇതനുസരിച്ച് ഒരു നാളം മഹാവ്യാധിയെയും രണ്ടുനാളം ധനവർധനയെയും മൂന്നു നാളം ആലസ്യത്തെയും നാല് നാളം ദാരിദ്ര്യത്തെയും അഞ്ചുനാളമുള്ള ഭദ്രദീപം സർവൈശ്വര്യത്തെയും പ്രദാനം ചെയ്യുന്നു. രണ്ടുനാളമാണ് ഏറ്റവും ഉത്തമം എന്നും അനുശാസിക്കുന്നു. ഈ രണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിലാവണം ഓരോ നാളവും ജ്വലിപ്പിക്കേണ്ടത്.
വിളക്ക് അണച്ചതിന് ശേഷമുള്ള തിരി മുറ്റത്തോ പറമ്പിലോ അലക്ഷ്യമായി വലിച്ചെറിയരുത്. തിരികൾ ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക. പിന്നീട് സന്ധ്യയ്ക്ക് അഷ്ടഗന്ധമോ ദശാംഗമോ പുകയ്ക്കുന്നതിലോ ഒഴുക്കുള്ള വെള്ളത്തിലോ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കുഴിച്ചിടുകയോ ആകാം. ഒരിക്കലും ചപ്പുചവറുകൾ കത്തിക്കുന്നതിനൊപ്പം ഇടരുത്.
വിളക്ക് തെളിക്കാൻ നല്ലെണ്ണയാണ് ഉപയോഗിക്കേണ്ടത്. നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണയുപയോഗിച്ചു വിളക്ക് തെളിക്കുന്നതിലും തെറ്റില്ല. വെളിച്ചെണ്ണയും നെയ്യും ചേർത്ത് വിളക്ക് തെളിയിക്കുന്നവരുമുണ്ട്. തൂത്തുവാരി തളിച്ച ശേഷമേ നിലവിളക്ക് തെളിക്കാവൂ. നിലവിളക്കിനു മുന്നിൽ പുഷ്പങ്ങൾ, ചന്ദനത്തിരി, വാൽക്കിണ്ടിയിൽ ശുദ്ധജലം എന്നിവ വയ്ക്കണം. ഭഗവാന് സമർപ്പിച്ച ഈ ശുദ്ധജലം വീട്ടിനുള്ളിലോ വീടിനു ചുറ്റുമോ തളിക്കാവുന്നതാണ്.