ബാങ്കിൽ പണം നിക്ഷേപിച്ച് ഉടൻ പിൻവലിച്ചു: വിദേശപഠനത്തിന്റെ മറവിൽ തട്ടിപ്പ്; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ പിടിയിലായത് കോട്ടയം കുടമാളൂർ സ്വദേശി



കോഴിക്കോട് വിദേശ ഉപരിപഠനത്തിന് അപേക്ഷ നൽകിയപ്പോൾ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം കാണിക്കാൻ സ്വകാര്യ ബാങ്കിന്റെ പേരിൽ 25 ലക്ഷത്തിന്റെ വ്യാജ വായ്പ‌ അനുമതി പത്രം തയാറാക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ രണ്ടു വർഷത്തിനു ശേഷം പ്രതിയെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തു.
കോട്ടയം കുടമാളൂർ എൻആർ ഗവ. ഹൈസ്കൂളിനു സമീപം ജോൺസൻ വർക്കിയെ (54) ആണ് എറണാകുളത്തു നിന്നു പൊലീസ് അറസ്‌റ്റ് ചെയ്തത്. 2023 നവംബർ 23 ആണ് സംഭവം. ഉദ്യോഗാർഥിയായ കോഴിക്കോട് ചെലവൂർ സ്വദേശി സി.പി.വിഷ്ണുവിനെതിരെ മാവൂർ റോഡ് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് ഉദ്യോഗാർഥികൾക്ക് വ്യാജ ബാങ്ക് വായ്പ‌ അനുമതി പത്രം തയാറാക്കി നൽകിയ ഏജൻസി നടത്തിപ്പുകാരനായ പ്രതിയെ പൊലീസ് പിടികൂടിയത്.

നേരത്തെ കേസിൽ ഉദ്യോഗാർഥിയെ പ്രതിചേർത്ത് മെഡിക്കൽ കോളജ് പൊലീസ് നടപടി ആരംഭിച്ചിരുന്നു. ചോദ്യം ചെയ്ത‌തിൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി മുഖേനയാണ് ബാങ്ക് അക്കൗണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ടു അനുമതി പത്രം തയാറാക്കിയതെന്ന് മൊഴി നൽകി. വിദേശ ഉപരിപഠനത്തിനു യൂറോപ്യൻ യുകെ സർവകലാശാലയിലേക്ക്
അപേക്ഷ നൽകുന്നതോടൊപ്പം ഉദ്യോഗാർഥിക്ക് 12 മുതൽ 25 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന ബാങ്കിന്റെ അനുമതി പത്രം നൽകണം.

ഇതിനായാണ് ഉദ്യോഗാർഥി ഏജൻസിയെ സമീപിച്ചത്. ബാങ്കിൽ നിക്ഷേപം ഉണ്ടെന്നു കാണിച്ച് ബാങ്കിന്റെ അനുമതി പത്രം ഏജൻസി ഉദ്യോഗാർഥിക്ക് നൽകി. ഇതു ഉൾപ്പെടുത്തി ഉദ്യോഗാർഥി യുകെയിലെ സർവകലാശാലയിലേക്ക് അപേക്ഷ നൽകി. എന്നാൽ. എന്നാൽ സർവകലാശാല ബാങ്ക് അനുമതിപത്രം പരിശോധിക്കുന്നതിനായി ബാങ്കിലേക്ക് തിരിച്ചയച്ചതോടെയാണ് തട്ടിപ്പു പുറത്തായത്.

ഏജൻസി ഉദ്യോഗാർഥിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു ഉടനെ പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബാങ്കിന്റെ പേരിൽ വ്യാജ റിപ്പോർട്ടും സീലും ഉൾപ്പെടുത്തി ഉദ്യോഗാർഥിക്ക് നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ എസ്ഐ കെ.അരുൺ, എഎസ്ഐ ഫിറോസ്, സിപിഒമാരായ കെ.വിഷ്ണുലാൽ, സുരാഗ് എന്നിവരും പങ്കെടുത്തു.







أحدث أقدم