സ്വർണ്ണക്കൊള്ള; ദേവസ്വം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എസ്ഐടി…




പത്തനംതിട്ട: ശബരിമല സ്വർണ്ണ കവർച്ചയിൽ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.

അതേസമയം, ശബരിമല സ്വർണ്ണ കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് തീരും.
أحدث أقدم