
വീട് വൃത്തിയാക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരുന്ന് യുവതി. യുവതി വളരെ ദേഷ്യത്തോടെ ടവറിന് മുകളിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ദീപാവലി എത്തിയിട്ടും വീട് വൃത്തിയാക്കാത്തതിന് യുവതിയെ അമ്മ വഴക്ക് പറഞ്ഞത്.
‘ദീപാവലിക്ക് വീട് വൃത്തിയാക്കാന്‍ അമ്മ മകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ടവറിന്റെ മുകളില്‍ കയറിയത്. അസാധാരണമായ കാര്യമാണ് സംഭവിച്ചത്’. മിര്‍സാപൂരിലെ സദര്‍ സര്‍ക്കിള്‍ ഓഫീസര്‍ അമര്‍ ബഹദൂര്‍ പറഞ്ഞു. വീട് വൃത്തിയാക്കാന്‍ സഹോദരിയെയോ സഹോദരനെയോ ഏല്‍പ്പിക്കാതെ തന്നെ മാത്രം ഏല്‍പ്പിച്ചതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്. പിന്നാലെ ഇവര്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരിക്കുകയായിരുന്നു. നിലവില്‍ യുവതി സുരക്ഷിതയായി വീട്ടില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.