
കൊച്ചി പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിവാദത്തെ തുടര്‍ന്ന് കുട്ടി സ്‌കൂള്‍ വിട്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കുട്ടിയുമായും രക്ഷിതാവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അത്തരൊരു നീക്കം ഉണ്ടായിട്ടില്ല. കെഇആര്‍ പ്രകാരം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതും റദ്ദാക്കുന്നതും വിദ്യാഭ്യാസ വകുപ്പാണ്. അത്തരം അധികാരമൊന്നും ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന പ്രിന്‍സിപ്പലാണ് കുട്ടി ശിരോവസ്ത്രം ധരിക്കരുത് എന്ന് പറയുന്നത്. ഇത് വിരോധാഭാസമാണ്. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം അനുവദിച്ച് ലഘുവായി പരിഹരിക്കാവുന്ന വിഷയമാണ് ഈ നിലയില്‍ എത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്രം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി വിധി വന്നാല്‍ മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളൂ.
ഒരു മനേജ്‌മെന്റും സ്വയം അധികാരം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗം ഭരിക്കാം എന്ന് കരുതേണ്ട. ഒരു പരാതി വന്നു അതില്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മനേജ്‌മെന്റിന്റെ ഭാഗത്ത് വീഴ്ചകള്‍ കണ്ടെത്തി. അതിന് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി. അപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മറുപടി പറയും. ഒരു കുട്ടിയെ അതും ഒരു പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയാല്‍അതില്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. വാശിയും വൈരാഗ്യവും മാറ്റിവയ്ക്കണം. സ്‌കൂള്‍ കുട്ടിയെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടുപോകാണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു