
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കണ്ണൻ ഗോപിനാഥൻ ധൈര്യശാലിയായ ഉദ്യോഗസ്ഥനാണെന്നും നീതിക്കായി കണ്ണൻ വാദിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് കണ്ണൻ കോൺഗ്രസ് തെരഞ്ഞെടുത്തത്. വിഭജന അജണ്ടകൾക്കെതിരെയാണ് കണ്ണൻറെ പോരാട്ടമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തെറ്റുകൾക്കെതിരെയായിരുന്നു തൻറെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോൺഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.
കോൺഗ്രസിനെ ബദലായി തോന്നിയതുകൊണ്ടാണ് ആ പ്രസ്ഥാനം തെരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണ്. രാജ്യം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. അനീതി കണ്ടാൽ പ്രതികരിക്കും. രാജ്യത്തെ സേവിക്കാൻ കോൺഗ്രസിലെ അവസരം വിനിയോഗിക്കും. പൗരന്മാരുടെ പാർട്ടിയാണ് കോൺഗ്രസ് പ്രവർത്തന മേഖല എവിടെയെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. തിരുത്തൽ ശബ്‌ദമാകാൻ കോൺഗ്രസിനെ വേദിയാക്കുമെന്നും ദേശീയ തലത്തിലോ കേരളത്തിലോപ്രവർത്തിക്കാൻ തയ്യാറാണെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കേന്ദ്രസർക്കാരിൻറെ തെറ്റായ നയങ്ങളെ താൻ തുറന്ന് കാട്ടിയപ്പോൾ ഭീഷണിപ്പെടുത്തി തന്നെ നിശബ്‌ദനാക്കാൻ നോക്കി. കേസുകളെടുത്ത് സമ്മർദ്ദത്തിലാക്കി. ഭീഷണികളെ തുടർന്നും ഭയപ്പെടില്ലെന്നും ഐ എ എസ് പദവി രാജിവച്ചത് എംഎൽഎയാകാനല്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.