‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്’, എന്ന കുറിപ്പോടെയായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്. 2019 ഏപ്രിൽ 10-നാണ് പോസ്റ്റിട്ടിട്ടുള്ളത്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന പുറത്തുവന്നതോടെയാണ് പോസ്റ്റ് കുത്തിപ്പൊക്കിയത്. ‘ഉള്ള കാര്യം പറയാം ഞങ്ങളുടെ തമ്പുരാൻ ചെറുതായ് മറന്നു പോയതാ’, എന്നാണ് ഒരാളുടെ പരിഹാസം. ‘പറഞ്ഞില്ലല്ലോ എഴുതിയതല്ലേ’, എന്നതായിരുന്നു മറ്റൊരാളുടെ കമന്റ്. ‘അണ്ണാ പോസ്റ്റ് മുക്കിയിട്ട് വേണം ഡയലോഗ് അടിക്കാൻ’ എന്നും പലരും ഓർമിപ്പിക്കുന്നുണ്ട്. എന്തായാലും സുരേഷ്ഗോപിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച.
തൃശൂരിലെ പുതൂർക്കരയിൽ ‘എസ്ജി കോഫി ടൈംസ്’ എന്ന സംവാദ പരിപാടിയിലായിരുന്നു അദ്ദേഹം മെട്രോയെക്കുറിച്ച് പറഞ്ഞത്. എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ വേണ്ടിയാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന ആവശ്യമുന്നയിച്ചതെന്നും സുരേഷ്ഗോപി പറഞ്ഞു. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇക്കാര്യത്തിൽ താൻ കാണുന്നത്. തൃശൂരിൽനിന്നും എംപിയാകുന്നതിന് മുൻപുതന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നായിരുന്നു താൻ പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.