ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിൻ്റെ മരണം സ്ഥിരീകരിച്ചു.

കോട്ടയം : ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിൻ്റെ മരണം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണൻ്റെയും ഷീലയുടെയും മകനാണ് ശ്രീരാഗ് (36). മരിച്ചവരിൽ ശ്രീരാഗും ഉണ്ടെന്ന കാര്യം ബന്ധുക്കള്‌ക്കും കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനും വിവരം ലഭിച്ചു. ഷിപ്പിംഗ് സ്ഥാപനം ജനറലിൽനിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇറ്റലി ആസ്ഥാനമായുള്ള സ്‌കോർപ്പിയോ ഷിപ്പിംഗ് കമ്പനിയിലെ ഇലക്‌ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്.

മൊസാംബിക്കിനടുത്ത് ബെയ്‌റ തുറമുഖത്തിനകലെ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ ശ്രീരാഗടക്കമുള്ള 21 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. പതിനഞ്ച് പേര് രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഒരാൾ റാന്നി സ്വദേശിയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നാണ് ശ്രീരാഗിൻ്റേതാണെന്ന് സ്ഥിരീകരിച്ചത്.

മൊസാംബിക്കിൽ ബോട്ട് അപകടത്തിൽപ്പെട്ട അഞ്ച് ഇന്ത്യക്കാരെ കാണാതായി. ശ്രീരാഗിനെ കൂടാതെ മറ്റൊരു മലയാളിയെ കൂടി കാണാതായിട്ടുണ്ട്. എറണാകുളം എടക്കാട്ടുവയൽ വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിനെ (22) കാണാതായ വിവരം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Previous Post Next Post