നെടുമങ്ങാട് പാതയിൽ ലോറിയിൽനിന്ന് അരിച്ചാക്കുകൾ റോഡിലേക്ക് വീണു ചിതറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും, റോഡിൽനിന്ന് വാരിയെടുത്ത അരി വിപണിയിലെത്തുമോ എന്ന ആശങ്ക നാട്ടുകാരിൽ പടരുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെ നെടുമങ്ങാട് മുക്കോലയിലെ അമൃതകൈരളി വിദ്യാലയത്തിന് മുന്നിലായിരുന്നു സംഭവം.
കഴക്കൂട്ടത്തെ എഫ്സിഐ ഗോഡൗണിൽ നിന്നും പൂവച്ചലിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ അരി ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന അരിച്ചാക്കുകളാണ് അപകടത്തിൽപ്പെട്ടത്. നെട്ടിറച്ചിറയ്ക്ക് സമീപം വെച്ച് ലോറിയിൽ കെട്ടിയിരുന്ന കയർ പൊട്ടിയതിനെ തുടർന്ന് 20-ൽ അധികം അരിച്ചാക്കുകൾ റോഡിലേക്ക് മറിയുകയായിരുന്നു. അരിച്ചാക്കുകൾ പൊട്ടി അരി റോഡിൽ ചിതറിയതോടെ നെടുമങ്ങാട്-ഷൊർളക്കോട് പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങളാണ് ഇതേത്തുടർന്ന് വഴിയിൽ കുടുങ്ങിയത്.
നെടുമങ്ങാട് ട്രാഫിക് പോലീസ് ഉടൻ സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും, ചിതറിക്കിടന്ന അരിച്ചാക്കുകളും അരിയും റോഡിൽനിന്ന് നീക്കം ചെയ്യാതെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചില്ല.
സംഭവസ്ഥലത്തെത്തിയ ലോറി ജീവനക്കാരും മറ്റ് തൊഴിലാളികളും ചേർന്നാണ് റോഡിൽ ചിതറിക്കിടന്ന അരി നീക്കം ചെയ്തത്. പൊട്ടിപ്പോയ 20-ൽ അധികം ചാക്കുകളിലെ അരി ചൂലുകൾ ഉപയോഗിച്ച് തൂത്തുകൂട്ടി മണ്ണും ചെളിയും കല്ലുകളും കലർന്ന നിലയിൽ വീണ്ടും ചാക്കുകളിലാക്കി ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
റോഡിലും വഴിയിലും വീണ്, മണ്ണും പൊടിയും മറ്റ് മാലിന്യങ്ങളും കലർന്ന ഈ അരി, വൃത്തിയാക്കി മറ്റൊരു രൂപത്തിൽ വരും ദിവസങ്ങളിൽ വിപണിയിൽ വിൽക്കാൻ എത്തുമോ എന്ന കടുത്ത ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് ഉയർത്തുന്നത്. എന്നാൽ, ലോറിയിൽ കെട്ടിയിരുന്ന കയർ അയഞ്ഞതാണ് അരിച്ചാക്കുകൾ വീഴാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.