
ആര്‍ത്തവ അവധി അനുവദിക്കണമെങ്കില്‍ സാനിറ്ററി പാഡിന്റെ ചിത്രം തെളിവായി കാണിക്കണമെന്ന് ആവശ്യപ്പെട്ട സൂപ്പര്‍വൈസര്‍ക്കെതിരെ ശുചീകരണത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹരിയാനയിലെ റോഹ്തക്കിലുള്ള മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ ശുചീകരണത്തൊഴിലാളികളാണ് സൂപ്പര്‍വൈസര്‍ക്കെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ഞാറാഴ്ചയായിരുന്നു പ്രതിഷേധത്തിന് കാരണമായ സംഭവമുണ്ടായത്. ഹരിയാന ഗവര്‍ണര്‍ ആഷിം കുമാര്‍ ഘോഷ് സര്‍വകലാശാലയിലേക്ക് എത്തുന്നത് പ്രമാണിച്ച് എല്ലാ ശുചീകരണത്തൊഴിലാളികളും ജോലിയ്‌ക്കെത്തണമെന്ന് അറിയിച്ചു. വീക്ക് ഓഫ് ഉള്ളവരാണെങ്കിലും ജോലിയ്‌ക്കെത്തണമെന്നായിരുന്നു നിര്‍ദ്ദേശം. മൂന്ന് തൊഴിലാളികള്‍ ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധി നല്‍കണമെങ്കില്‍ പാഡിന്റെ ചിത്രം അയയ്ക്കണമെന്നായിരുന്നു സൂപ്പര്‍വൈസറുടെ പ്രതികരണം.
പാഡിന്റെ ചിത്രം അയയ്ക്കണമെന്നത് സര്‍വകലാശാല ഉന്നതരുടെ നിര്‍ദ്ദേശമാണെന്നായിരുന്നു സൂപ്പര്‍വൈസര്‍ വിശദീകരിച്ചത്. അവസാനം വേറെ മാര്‍ഗമില്ലാതെ മൂവരും അവധി അനുവദിക്കാനായി പാഡിന്റെ ചിത്രം അയയ്‌ക്കേണ്ടി വന്നു. എന്നാല്‍ ചിത്രം പങ്കുവച്ചിട്ടും തങ്ങള്‍ക്ക് അവധി നല്‍കിയില്ല എന്നവര്‍ പരാതിപ്പെട്ടു. മൂന്ന് പേര്‍ക്കും കൂടി ഒരുമിച്ച് എങ്ങനെ അവധി നല്‍കും എന്നായിരുന്നു സൂപ്പര്‍വൈസറുടെ നിലപാട്.
സൂപ്പര്‍വൈസറുടെ ഈ വിചിത്ര രീതിയ്ക്ക് എതിരെ ശുചീകരണത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിഷേധത്തില്‍ വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാല ജീവനക്കാരും അണിനിരന്നു. പിന്നാലെ സര്‍വകലാശാലയിലെ രണ്ട് സൂപ്പര്‍വൈസര്‍മാരെ അന്വേഷണവിധേയമായി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു. പൊലീസിലും അവധി നിഷേധിക്കപ്പെട്ട മൂന്ന് സ്ത്രീകളും പരാതിയും നല്‍കിയിട്ടുണ്ട്