
ആലപ്പുഴ: ആലപ്പുഴയിൽ ഗതാഗത തടസമുണ്ടാക്കി കെഎസ്ആർടിസി ബസ്. ഡീസൽ തീർന്നതിനെ തുടർന്ന് ബസ് പെരുവഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയിൽ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ് തള്ളി വഴി സൈഡിലേക്ക് നീക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.
ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഡീസൽ തീർന്ന കാര്യം മനസ്സിലാക്കിയത്. കെഎസ്ആർടിസി ബസ് വഴിയിലായതോടെ ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
വണ്ടികൾ വഴി തിരിച്ച് വിട്ടു. എന്നാൽ ട്രാഫിക് ബ്ലോക്ക് തടയാനായില്ല. പിന്നീട് തൊട്ടടുത്ത പമ്പിൽ നിന്ന് ഡീസൽ എത്തിച്ച ശേഷം ബസ് ദേശീയപാതയിൽ നിന്ന് മാറ്റി. പെട്രോൾ കാനിൽ കൊണ്ടുവന്ന് ഒഴിക്കുന്നതും പൊലീസുകാർ ചേർന്ന് കെഎസ്ആർടിസി ബസ് തള്ളുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.