
ഗുരുവായൂർ നഗരസഭാ പാർക്കിൽ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചതിനെതിരെ കോൺഗ്രസ് നാളെ ഉപവാസ സമരം നടത്തും. ഗുരുവായൂർ നഗരസഭയുടെ കോട്ടപ്പടി ബയോ പാർക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ വികലമായി സ്ഥാപിച്ചത്.
നഗരസഭ നടപടിക്കെതിരെ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് മുൻ എംപിയും പ്രമുഖ ഗാന്ധിയനുമായ സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രസംഗിക്കും.
അതേസമയം കെ പി ശശികല ഗാന്ധി പ്രതിമക്കെതിരെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. ഇതിലും ഭേദം ഗോഡ്‌സെ ആയിരുന്നുവെന്നും ഒരു ഉണ്ടകൊണ്ട് തീർത്തു കളഞ്ഞുവല്ലോ എന്നുമാണ് ശശികല കുറിച്ചത്.