
വയനാട്ടിലെ പനമരത്ത് പോക്സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിലാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാറി (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാൾ.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.