ആലപ്പുഴയിൽ പൊളിറ്റിക്കൽ ‘ഗ്യാങ്സ്റ്ററിസം’.. പിന്നിൽ അമ്പലപ്പുഴയിലെ നേതാവ്.. പൊട്ടിത്തെറിച്ച് ജി സുധാകരൻ…




തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ പൊളിറ്റിക്കൽ ‘ഗ്യാങ്സ്റ്ററിസ’മാണെന്ന് സുധാകരൻ പ്രതികരിച്ചു. അമ്പലപ്പുഴയിലെ നേതാവാണ് പിന്നിൽ. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്. സുഹൃത്തുക്കൾ വഴിയും വ്യാജ ഐഡി നിർമ്മിച്ചുമാണ് അധിക്ഷേപം.ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരൻ പറയുന്നു.

ജില്ലാ നേതൃത്വം ഇതിന് സമാധാനം പറയണം. പരിശോധിച്ച് നടപടിയെടുക്കണം. കൊള്ളക്കാരിൽ നിന്ന് മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാർട്ടിയുടെ ജനസ്വാധീനം ഇല്ലാതാക്കാനുള്ള പൊളിറ്റിക്കൽ ക്രിമിനലിസമാണിത്. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാർ ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണമുണ്ടായത്. സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം. സുധാകരനെതിരെ ഫേസ്ബുക്കിൽ തെറി വിളിയുമുണ്ടായി. അനിഷ് പിഎസ് എന്ന പ്രൊഫൈലിൽ നിന്ന് സുധാകരനെതിരെ കുറിപ്പ് പങ്കുവെച്ചിരുന്നു.
أحدث أقدم