ഇനി റോഡ് ഷോ ഇല്ല; പ്രചാരണത്തിനായി ഹെലികോപ്റ്ററുകൾ…


തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനായ നടൻ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ കരൂരിൽ 41 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പാർട്ടി പ്രചാരണ രീതിയിൽ മാറ്റം വരുത്താൻ നീക്കം. ഇനി റോഡ് ഷോകൾ ഒഴിവാക്കി പ്രചാരണത്തിനായി ഹെലികോപ്റ്ററുകൾ വാങ്ങാൻ വിജയ് തീരുമാനിച്ചു. ബെംഗളൂരു ആസ്ഥാനമായ ഒരു കമ്പനിയിൽ നിന്ന് നാല് ഹെലികോപ്റ്ററുകളാണ് ടി.വി.കെ. വാങ്ങുന്നത്.

പുതിയ പദ്ധതി അനുസരിച്ച്, സമ്മേളന വേദിയുടെ സമീപം ഹെലിപാഡ് തയ്യാറാക്കും. വിജയ് സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപ് മാത്രമാകും ഹെലികോപ്റ്ററിൽ വേദിയിൽ എത്തുക. മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഹെലികോപ്റ്റർ പര്യടനം വൻ വിജയമായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് നടനും ജനങ്ങൾക്കുമിടയിലെ അകലം വർദ്ധിപ്പിക്കുമോ എന്ന ആശങ്ക ചില പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.

2024 സെപ്റ്റംബർ 27-ന് കരൂർ വേലുചാമിപുരത്ത് ടി.വി.കെ. സംഘടിപ്പിച്ച വിജയ്‌യുടെ റാലിയാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ചകളിൽ പതിവായി ടി.വി.കെ. വിജയ്‌യുടെ റാലികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുറത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് ആറ് മണിക്കൂർ വൈകിയാണ് പരിപാടിക്ക് എത്തിയത്. ആറ് മണിക്കൂർ വൈകിയെത്തിയതിനാൽ ആളുകൾ തളർന്നു തുടങ്ങിയിരുന്നു. വിജയ് പ്രസംഗം തുടങ്ങിയതോടെ നിരവധി ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങി.

തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച്, ആളുകൾക്ക് കുടിവെള്ളം നിറച്ച കുപ്പികൾ എറിഞ്ഞു നൽകി. ഇത് കുപ്പിവെള്ളത്തിനായി ആളുകൾ തിരക്ക് കൂട്ടുന്നതിനും തിക്കിലും തിരക്കിലും പെടുന്നതിനും കാരണമായി. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലം വിട്ടു. സ്ഥലത്തുണ്ടായിരുന്ന പോലീസും ടി.വി.കെ. പ്രവർത്തകരും ചേർന്ന് കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആദ്യ ദിവസം 38 പേരാണ് മരണപ്പെട്ടത്.

ഈ സമയം കരൂർ എം.എൽ.എ. സെന്തിൽ ബാലാജിയും ആരോഗ്യ മന്ത്രിയും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. തൊട്ടടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥലത്തെത്തി. എന്നാൽ, അപകട സമയത്ത് ചെന്നൈയിലെ വീട്ടിലുണ്ടായിരുന്ന വിജയ്, ‘ഹൃദയം തകർന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു എക്സ് പോസ്റ്റ് മാത്രം പങ്കുവെച്ചു. അപകടം നടന്ന ഞായറാഴ്ച മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണം 41 ആയി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

Previous Post Next Post