ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായത് കൊള്ള പലിശക്കാരുടെ ഭീഷണി മൂലമാണെന്ന് പരാതി. ഗുരുവായൂർ നഗരസഭയുടെ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ കച്ചവടം നടത്തിയിരുന്ന കർണംകോട്ട് ബസാർ മേക്കണ്‌ഠനകത്തു മുസ്‌തഫ (മുത്തു)യാണ് മരിച്ചത്. ഒക്ടോബർ പത്തിന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുസ്‌തഫയുടെ മരണത്തിൽ സഹോദരൻ ഹക്കീമാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയത്. നെന്മിനി തൈവളപ്പിൽ പ്രജിലേഷ്, ചൊവ്വല്ലൂർ പടി സ്വദേശി വിവേക് എന്നിവർക്കെതിരെയാണ് പരാതിയിൽ ആരോപണമുള്ളത്.
ഒന്നരവർഷം മുമ്പാണ് പ്രജിലേഷ്, വിവേക് എന്നിവരിൽനിന്ന് ആറുലക്ഷം വീതം മുസ്‌തഫ പലിശക്കെടുത്തതായി പരാതിയിൽ പറയുന്നത്. 20 ശതമാനം പലിശ നിരക്കിൽ 50 ദിവസത്തിനുള്ളിൽ തിരിച്ചടക്കാം എന്ന ധാരണയിലാണ് പണം വാങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ആറു ലക്ഷം രൂപ വാങ്ങിയതിന് മുതലും പലിശയുമായി 40 ലക്ഷം രൂപയോളം നൽകിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പലിശ മുടക്കിയെന്ന പേരിൽ പ്രജിലേഷും വിവേകും പലപ്പോഴും വീട്ടിലും കടയിലും എത്തി കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. അസുഖബാധിതനായ മുസ്‌തഫയെ, പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി കാറിൽ കയറ്റി മർദിച്ചുവെന്ന് ആരോപണമുണ്ട്. പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചും മുസ്തഫയെ മർദിച്ചതായി പരാതിയിൽ പറയുന്നു. മുസ്തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാർ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഗുരുവായൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണഞ സി പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.