
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു. ഐടി ജീവനക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
യുവതികൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെ ഒരു മുറിയിൽ തനിച്ചാണ് ഈ യുവതി താമസിച്ചിരുന്നത്. മുറിക്കുള്ളിൽ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ഞെട്ടി ഉണർന്ന ശേഷം പ്രതിയെ പെൺകുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാൾ ഇറങ്ങി ഓടിയെന്നും പരാതിയിൽ പറയുന്നു.
രാവിലെ ഹോസ്റ്റൽ നടത്തിപ്പുകാരോട് യുവതി വിവരം പറയുകയായിരുന്നു. തുടർന്നാണ് ഹോസ്റ്റൽ അധികൃതർ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.