മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഔറംഗബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പേരിലായിരുന്നു മുമ്പ് നഗരം അറിയപ്പെട്ടിരുന്നത്. നേരത്തെ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരാണ് യഥാർത്ഥ പേര് മാറ്റം ആരംഭിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 ന് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.