ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പരാതി നൽകി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നൽകിയത്. എൻ കെ പ്രേമചന്ദ്രന്റേത് തെറ്റായതും അധിക്ഷേപകരവുമായ പ്രസ്താവനയാണെന്ന് പരാതിയിൽ പറയുന്നു.
തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണ് പ്രസ്താവന. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് ചേർത്തു പറഞ്ഞത് ഒരു മുസ്ലിം വനിതയുടെ പേര് തന്റെ പേരിനൊപ്പം ചേർക്കണമെന്ന ദുരുദ്ദേശത്തോടെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള അധിക്ഷേപവും സൈബർ ആക്രമണവുമാണ് നേരിടുന്നതെന്നും പരാതിയിൽ പറയുന്നു.