പേരാമ്പ്രയിൽ ‘യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞു’, കേസെടുത്ത് പൊലീസ്…


പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് എടുത്തു. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പൊലീസ് പറഞ്ഞു. പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൊലീസിന്റെ ഗ്രനേഡോ , കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. പെരാമ്പ്രയില്‍ സംഘര്‍ഷത്തിനിടിയില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്.പിന്നാലെയാണ് പുതിയ കേസ്.

Previous Post Next Post