19-ാം നൂറ്റാണ്ടുമുതല്‍ ഇതുവരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും ബര്‍മുഡ ട്രയാംഗിളിനടുത്തുവെച്ച് അപ്രത്യക്ഷമായെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ തിരച്ചില്‍ നടത്തിയിട്ടും ഇത്തരത്തില്‍ കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ല.
അതുകൊണ്ടുകൂടിയാണ് ബര്‍മുഡ ട്രയാംഗിള്‍ ഇപ്പോഴും നിഗൂഢതയുടെ പട്ടികയില്‍ തുടരുന്നത്. 1964-ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ വിന്‍സെന്റ് ഗാഡിസാണ് ഈപ്രദേശത്തിന് 'ബര്‍മുഡ ട്രയാംഗിള്‍' എന്ന പേരുനല്‍കിയത്.
⚠️എവിടെയാണ് ബര്‍മുഡ ട്രയാംഗിള്‍
ബര്‍മുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്‌ലോറിഡയുടെ തെക്കന്‍തീരത്തെയും പ്യൂര്‍ട്ടൊറീക്കോയിലെ സാന്‍ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയില്‍ കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗമാണിത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈല്‍ ദൂരം. ചെകുത്താന്‍ ത്രികോണമെന്നും കാണാതാകുന്നവര്‍ മറയ്ക്കപ്പെട്ടയിടമെന്നും ദൗര്‍ഭാഗ്യത്തിന്റെ സമുദ്രമെന്നുമെല്ലാം ഈ മേഖല വിളിക്കപ്പെടുന്നു.
⚠️തെളിവൊന്നും അവശേഷിപ്പിക്കാതെ
15-ാം നൂറ്റാണ്ടില്‍, ഇറ്റാലിയന്‍ നാവികനും അമേരിക്ക കണ്ടുപിടിച്ചയാളുമായ ക്രിസ്റ്റഫര്‍ കൊളംബസാണ് ബര്‍മുഡ ട്രയാംഗിളിന്റെ ദുരൂഹതയെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുകൂടി യാത്രചെയ്യുമ്പോള്‍ വലിയ തീഗോളങ്ങള്‍ കടലില്‍ വീഴുന്നതായും തന്റെ വടക്കുനോക്കിയന്ത്രം അതിവേഗത്തില്‍ വട്ടം കറങ്ങിയതായും കൊളംബസ് യാത്രാവിവരണത്തില്‍ പറയുന്നു. 1918 മാര്‍ച്ചില്‍ കരീബിയന്‍ ദ്വീപുകളില്‍നിന്ന് ബാള്‍ട്ടിമോറിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ നാവികസേനയുടെ 'യു.എസ്.എസ്. സൈക്ലോപ്സ്' കപ്പല്‍ ബര്‍മുഡ ട്രയാംഗിളില്‍വെച്ച് ദുരൂഹമായി കാണാതാകുന്നതോടെയാണ് വീണ്ടും ഈ പ്രദേശം വാര്‍ത്തകളില്‍ നിറഞ്ഞത്. 309 പേരുണ്ടായിരുന്ന കപ്പലിനെക്കുറിച്ച് ഒരുവിവരംപോലും പിന്നീട് ലഭിച്ചില്ല. അപകടസൂചനകളൊന്നും കപ്പല്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.
1941-ല്‍ യു.എസിന്റെതന്നെ 'യു.എസ്.എസ്. പ്രോട്ടിയസ്' എന്ന കപ്പലും ഒരുമാസത്തിനുശേഷം 'യു.എസ്.എസ്. നീറോസ്' എന്ന കപ്പലും ഇതേ പ്രദേശത്ത് അപ്രത്യക്ഷമായി. 1945-ല്‍ 'യു.എസിന്റെ ഫ്‌ളൈറ്റ്-19' എന്ന അഞ്ച് ടി.ബി.എം. അവെഞ്ചര്‍ ടോര്‍പിഡോ ബോംബര്‍ വിമാനങ്ങള്‍ ബര്‍മുഡ ട്രയാംഗിളിനുമുകളില്‍വെച്ച് റഡാറില്‍നിന്ന് മറഞ്ഞു. ഇവയെ അന്വേഷിച്ചുപോയ മറ്റൊരു വിമാനവും ഇതേ മേഖലയില്‍വെച്ച് കാണാതായി. ''എല്ലാം ദുരൂഹമായി തോന്നുന്നു. വെള്ളനിറത്തിലുള്ള സമുദ്രത്തിലേക്ക് പോകുകയാണ് ഞങ്ങള്‍, ഒന്നും ശരിയായി തോന്നുന്നില്ല. എവിടെയാണ് ഞങ്ങളെന്നറിയില്ല. വെള്ളയല്ല പച്ചനിറത്തിലാണ് വെള്ളം'' -കാണാതായ വിമാനങ്ങളിലൊന്നിലെ പൈലറ്റ് നല്‍കിയ അവസാന സന്ദേശമിങ്ങനെയായിരുന്നു. അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതോടെ അപകടകാരണം വ്യക്തമല്ലെന്ന റിപ്പോര്‍ട്ടില്‍ യു. എസ്. അന്വേഷണം അവസാനിപ്പിച്ചു. ''വിമാനങ്ങള്‍ നേരെ ചൊവ്വയിലേക്ക് കടന്നപോലെ'' എന്നായിരുന്നു റിപ്പോര്‍ട്ടിലെ ഒരുപരാമര്‍ശം.
1948-ല്‍ യു.എസിന്റെ ഡി.സി.-3 യാത്രാവിമാനവും ബ്രിട്ടീഷ് അവ്റോ ടുഡോര്‍ വിമാനവും ഇവിടെനിന്ന് കാണാതായി. 1949-ല്‍ ബര്‍മുഡയില്‍നിന്ന് ജമൈക്കയിലേക്ക് പുറപ്പെട്ട ജി-എഗ്രി വിമാനം, 1963-ല്‍ എസ്.എസ്. മറൈന്‍ സള്‍ഫര്‍ ക്ലീന്‍, 1967-ല്‍ സില്‍വിയ എല്‍. ഒസ്സ എന്ന ചരക്കുകപ്പല്‍, 1984-ല്‍ ബഹാമസില്‍നിന്ന് പുറപ്പെട്ട യാത്രാവിമാനം സെസ്ന തുടങ്ങിയവ ബര്‍മുഡ ട്രയാംഗിള്‍ വിഴുങ്ങിയതില്‍ ചിലതുമാത്രം. 2020 ഡിസംബറില്‍ ബഹാമസില്‍നിന്ന് ഫ്‌ളോറിഡയിലേക്കുപോയ യാത്രാബോട്ട് കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം
ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന സാങ്കല്പിക രേഖയായ അഗോണിക് രേഖയിലുള്‍പ്പെട്ട പ്രദേശമാണ് ബര്‍മുഡ ട്രയാംഗിള്‍ എന്നതുകൊണ്ടാണ് ഇതെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത്തരം ഇടങ്ങളില്‍ കോമ്പസുകള്‍ ശരിയായ ഉത്തരധ്രുവത്തിലേക്കാകും ചൂണ്ടുക.
⚠️ഷഡ്ഭുജ മേഘങ്ങളോ കാരണം❓
ബര്‍മുഡ ട്രയാംഗിളിനെ സംബന്ധിച്ച് ഇതുവരെയുണ്ടായതില്‍ ഏറ്റവും സ്വീകാര്യവും യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്നതുമായ പഠനം 2016-ല്‍ കൊളറാഡോ സര്‍വകലാശാല നടത്തിയ പഠനമാണ്. ബര്‍മുഡ ട്രയാംഗിളിന് മുകളിലുള്ള മേഘങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ ഷഡ്ഭുജാകൃതിയിലുള്ള മേഘക്കൂട്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് മണിക്കൂറില്‍ 170 മൈല്‍ വരെ വേഗമുള്ള അതിശക്തമായ വായു പുറന്തള്ളാനാകുമെന്നും പഠനത്തില്‍ പറയുന്നു. 'ഹറികെയ്ന്‍ ഫോഴ്സ് വിന്‍ഡ്' എന്നറിയപ്പെടുന്ന ഈ കാറ്റിന് 45 അടി വരെ ഉയരമുള്ള തിരമാലകള്‍ സൃഷ്ടിക്കാനുമാകും. ഇങ്ങനെയുള്ള തിരമാലകളെ പ്രതിരോധിക്കാന്‍ കപ്പലുകള്‍ക്കോ ഇത്രവേഗത്തില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ വിമാനങ്ങള്‍ക്കോ കഴിയാത്തതാകാം ബര്‍മുഡ ട്രയാംഗിളിലെ അപകടങ്ങള്‍ക്കുകാരണമെന്നും കൊളറാഡോ ശാസ്ത്രജ്ഞര്‍ പറയുന്നു.
⚠️പ്രചരിക്കുന്ന സിദ്ധാന്തങ്ങള്‍
നിഗൂഢമായതിനെച്ചൊല്ലി മാനുഷികവും അമാനുഷികവുമായ ധാരാളം കഥകള്‍ പ്രചരിക്കുന്നത് സ്വാഭാവികം. അറ്റ്ലാന്റിക്കില്‍ മുങ്ങിപ്പോയെന്ന് യവനപുരാണങ്ങളില്‍ പറയുന്ന അറ്റ്ലാന്റിസ് ദ്വീപാണ് ബര്‍മുഡ ട്രയാംഗിളിലെ അപകടങ്ങള്‍ക്ക് കാരണമെന്നും അന്യഗ്രഹജീവികളുടെ ലോകത്തേക്കുള്ള വാതിലാണതെന്നും തുടങ്ങിയ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ബര്‍മുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുണ്ട്. ബര്‍മുഡ ട്രയാംഗിളിലെ ദുരൂഹതയ്ക്ക് കാരണമെന്ന തരത്തില്‍ പ്രചരിക്കുന്ന സിദ്ധാന്തങ്ങൾ ഇങ്ങനെ
1. തെക്കുനിന്നും വടക്കുനിന്നും ഒന്നിച്ച് ശക്തമായ കൊടുങ്കാറ്റു വീശുന്നതോടെയുണ്ടാകുന്ന റോഗ് തിരമാലകളാണ് ബര്‍മുഡ ട്രയാംഗിളില്‍ അപകടം വിതയ്ക്കുന്നതെന്ന് സതാംപ്ടണ്‍ സര്‍വകലാശാലയിലെ സമുദ്രശാസ്ത്രഗവേഷകന്‍ സൈമണ്‍ ബോക്‌സല്‍ പറയുന്നു. ഇത്തരം തിരമാലകള്‍ നൂറടിവരെ മുകളിലേക്ക് ഉയരുമെന്നാണ് പഠനം.
2. വടക്കുനോക്കിയന്ത്രങ്ങളെ തെറ്റിക്കുന്ന കാന്തികശക്തി -കപ്പലുകളിലെ വടക്കുനോക്കിയന്ത്രങ്ങള്‍ സാധാരണയായി ഉത്തര കാന്തികധ്രുവത്തിലേക്കാണ് വഴികാട്ടുക. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി കോമ്പസുകള്‍ ശരിയായ ഉത്തരധ്രുവത്തിലേക്ക് പോയന്റ് ചെയ്യുന്ന ഭൂമിയിലെ രണ്ടുസ്ഥലങ്ങളിലൊന്നാണ് ബര്‍മുഡ ട്രയാംഗിള്‍. കാന്തികചരിവില്ലാത്ത മേഖലകളിലൂടെ, ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന സാങ്കല്പിക രേഖയായ അഗോണിക് രേഖയിലുള്‍പ്പെട്ട പ്രദേശമാണ് ബര്‍മുഡ ട്രയാംഗിള്‍ എന്നതുകൊണ്ടാണ് ഇതെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത്തരം ഇടങ്ങളില്‍ കോമ്പസുകള്‍ ശരിയായ ഉത്തരധ്രുവത്തിലേക്കാകും ചൂണ്ടുക.
3. മീഥെയ്ന്‍ കുമിളകള്‍ -സമുദ്രത്തിനുള്ളിലെ ജലസാന്ദ്രത കുറയ്ക്കുന്ന മീഥെയ്ന്‍ ഹൈഡ്രേറ്റ് വാതകം പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങുന്ന ജലമാണ് കപ്പലുകളെ മുക്കുന്നതെന്ന് മറ്റൊരു വാദം.
⚠️മിഥ്യാ ത്രികോണം
അതേസമയം, ബര്‍മുഡ ട്രയാംഗിളെന്നത് വെറും മിഥ്യയാണെന്നും ഇവിടെ നടക്കുന്ന അപകടങ്ങളുടെ തോത് അത്ര വലുതല്ലെന്നും അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരുമുണ്ട്. ബര്‍മുഡ ട്രയാംഗിള്‍ എന്നൊരു മേഖല തന്നെയില്ലെന്നാണ് അമേരിക്ക പറയുന്നത്. ബര്‍മുഡ ട്രയാംഗിള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുകൂടിയതുമായ കപ്പല്‍പ്പാതയിലാണുള്ളത്. അതുകൊണ്ടാണ് അപകടങ്ങളുടെ തോത് കൂടുതലായി തോന്നുന്നതെന്നും അഭിപ്രായപ്പെടുന്ന പഠനങ്ങളുമുണ്ട്. പഠനങ്ങള്‍ ഒരുപാടുണ്ടായെങ്കിലും ബര്‍മുഡ ട്രയാംഗിളിലെ ദുരൂഹതകളുടെ മറ പൂര്‍ണമായും നീക്കാന്‍ ഒരു ഗവേഷണങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം