തുലാവര്‍ഷം വരുന്നു, സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ ( ഓറഞ്ച് അലര്‍ട്ട് ) മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണ്ണമായി പിന്‍വാങ്ങി തുലാവര്‍ഷം ( വടക്കു കിഴക്കന്‍ കാലവര്‍ഷം ) ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . അതിനാൽ മഴയുടെ അളവിന് ശക്തി കൂടാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്താകെ ശക്തമായ മഴ തന്നെ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post