ഈ ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും യുകെയിലെ ഒരു കണ്ട്രി റോഡില്‍(ഗ്രാമ പാത), വീട്ടുമുറ്റത്ത്, ജനാലയ്ക്കല്‍ എവിടെയും നിങ്ങള്‍ക്കു പ്രേതങ്ങളെ കണ്ടു മുട്ടാം. നിലത്തു കാല്‍ സ്പര്‍ശിച്ചിട്ടില്ലാത്ത പ്രേതാത്മാക്കള്‍, ഒരു പക്ഷെ അങ്ങു ദൂരെ ആകാശത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങുന്ന പ്രേതങ്ങളെയും കാണാം!. നമുക്കു പേടിക്കാം, ചിരിച്ചു തള്ളാം. ഒപ്പം കുട്ടികളെ ആരെയെങ്കിലും കണ്ടു മുട്ടിയാല്‍ കുറച്ചു മിഠായി സമ്മാനിക്കാം. അവഗണിക്കാം! - പാശ്ചാത്യ രാജ്യങ്ങളെല്ലാം ഹാലോവീന്‍ ആഘോഷത്തിനായി ഉണര്‍ന്നു കഴിഞ്ഞു. ഒക്ടോബര്‍ 31നാണ് ഹാലോവീന്‍ ആഘോഷം.
വിപണികളെല്ലാം മാസങ്ങള്‍ക്കു മുമ്പേ ഹാലോവീനെ വരവേല്‍ക്കാന്‍ തയാറെടുപ്പു നടത്തിയിരുന്നു. ആസ്ദയും ടെസ്‌കോയും തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മുതല്‍ വന്‍കിട ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വരെ ഹാലോവീന്‍, അനുബന്ധ രൂപങ്ങളും ഉല്‍പന്നങ്ങളും വില്‍പനയ്‌ക്കെത്തി. പ്രതിവര്‍ഷം യുകെയില്‍ 5,750 കോടിയിലേറെ വരുന്ന വിറ്റുവരവാണ് ഹാലോവീന്‍ വിപണി മാത്രം നല്‍കുന്നത് എന്നാണ് കണക്ക്. ഈ വര്‍ഷം ഹാലോവീന്‍ വിപണി ലക്ഷ്യം വച്ചിരിക്കുന്നത് 9000 കോടി രൂപയുടെ വിറ്റുവരവാണ് എന്നാണ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്, ഈ പദം ആംഗലേയ വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്
വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്"(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.