സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ; കരട് വിജ്ഞാപനമായി




തിരുവനന്തപുരം : സർക്കാർ വാഹനങ്ങൾക്ക് KL-90 സീരീസിൽ രജിസ്റ്റർ നമ്പർ നൽകുന്നതിനുള്ള കരട് വിജ്ഞാപനമായി. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക.മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പ്രോട്ടോക്കോൾ വാഹനങ്ങൾ എന്നിവക്കായി ചില നമ്പറുകൾ പ്രത്യേകമായി മാറ്റിവക്കും.

സംസ്ഥാന സർക്കാരിൻറെയും വകുപ്പുകളുടെയും വാഹനങ്ങൾക്ക് KL-90 അത് കഴിഞ്ഞാൽ KL-90D സീരിസിലാണ് രജിസ്ട്രേഷൻ. കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും KL 90A, ശേഷം KL 90E രജിസ്ട്രേഷൻ നമ്പറുകൾ നൽകും. KL 90B, KL 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, വിവിധ കോർപ്പറേഷനുകൾ, സർവകലാശാലകൾ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്ട്രേഷൻ കഴിഞ്ഞാൽ KL 90G സീരീസിലും രജിസ്ട്രേഷൻ നൽകും.

KSRTC ബസുകൾക്കുള്ള KL 15 സീരീസ് തുടരും. മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളിൽ പറഞ്ഞ വാഹനങ്ങൾ ഏതെങ്കിലും കാരണത്താൽ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കുമ്പോൾ നിർബന്ധമായും വാഹന രജിസ്ട്രേഷൻ മാറ്റണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
أحدث أقدم