
ബിഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിജയി ആയിരിക്കുകയാണ് അനുമോൾ. 100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിലാണ് അനുമോൾ കപ്പ് സ്വന്തമാക്കിയത്. പിആർ വിവാദങ്ങൾക്കിടയിലാണ് അനുമോൾ കപ്പ് ഉയർത്തിയത്. ബിഗ് ബോസ് നാലാം സീസണിലാണ് ആദ്യമായി ഒരു വനിത മത്സരാർഥി കപ്പ് നേടുന്നത്. ദിൽഷയക്ക് ശേഷം ബിഗ് ബോസ് കിരീടം നേടുന്ന വനിത മത്സരാർഥി കൂടിയാണ് അനുമോൾ.
സീസണിലെ സമ്മാനത്തുക 50 ലക്ഷം രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ ഒരു ഭാഗം പിന്നീട് ബിഗ് ബാങ്ക് ടാസ്‌കിലെ വിജയികൾക്ക് വിതരണം ചെയ്തു. ഇതോടെ അനുവിന്റെ സമ്മാനത്തുക 42.5 ലക്ഷം രൂപയായി. പണം കൂടാതെ മാരുതി സുസുക്കിയുടെ കാറും അനുമോൾക്ക് സമ്മാനമായി ലഭിച്ചു. സീസൺ 7ൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു അനുമോൾ. പ്രതിദിനം 65,000 രൂപ എന്ന കണക്കിൽ 100 ദിവസം വീട്ടിൽ നിന്ന അനുമോൾക്ക് പ്രതിഫലമായി 65 ലക്ഷം രൂപ കിട്ടിയെന്നും റിപ്പോർട്ടുണ്ട്.
റിപ്പോർട്ടുകൾ ശരിയെങ്കിൽ സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി എന്ന പ്രത്യേകതയും അനുമോൾക്കാണ്. ഓഗസ്റ്റ് ഏഴിനാണ് ബിഗ് ബോസ് സീസൺ 7 ആരംഭിക്കുന്നത്. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലെ പ്രകടനത്തിന് അടുത്തിടെ രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും അനുമോൾ നേടിയിരുന്നു.