കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തത്. രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു. 7 പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രതികൾക്കായി പൊലീസ് അന്വേഷണം. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് 3 പ്രതികൾ പിടിയിലാകുന്നത്.