
തിരുവനന്തപുരം: പാറശാലയിൽ കാറില്‍ കടത്തിക്കൊണ്ടുവന്ന വന്‍ കഞ്ചാവ് ശേഖരം ഡാൻസഫ് ടീം പിടികൂടി.ദേശീയപാതയില്‍ പാറശാലക്ക് സമീപം കുറുംകൂട്ടിയില്‍ വച്ചാണ് ഡാന്‍സാഫ് സംഘം കഞ്ചാവുമായി കാറില്‍ എത്തിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്.
ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒറീസയില്‍ നിന്നും മൊത്തമായി കഞ്ചാവ് ശേഖരിച്ച് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടന്ന് തിരുവനന്തപുരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് അന്യസംസ്ഥാന തൊഴുലാളികള്‍ക്കിടയിലും വിദ്യാർഥികള്‍ക്കിടയിലും ചില്ലറ വ്യാപാരം നടത്തുന്നതാണ് രീതി. ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കേസില്‍ രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് ഡിവൈ.എസ്പി പ്രദീപിന്‍റെ നേതൃത്വത്തിലാണ് ഡാന്‍സാഫ് ടീം പ്രതിയെ പിടികൂടിയത്.